മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്‌സൈറ്റില്‍ ചോര്‍ച്ച; രണ്ടായിരത്തിലധികം പേരുടെ വ്യക്തിവിവരങ്ങൾ ഓൺലൈനിൽ.
ജൂൺ 08, 2021
മലപ്പുറം : മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ ചോർച്ച. പ്രളയ ദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി സാമ്പത്തിക സഹായം സ്വീകരിച്ച രണ്ടായിരത്തിലേറെ പേരുടെ വ്യക്തിവിവരങ്ങളാണ് ഓൺലൈനിൽ ചോർന്നത്.
പേര് , മൊബൈൽ നമ്പർ , ബാങ്ക് അക്കൗണ്ട് നമ്പർ , ഐ.എഫ്.എസ്.സി കോഡ് ഉൾപ്പടെയുള്ളവയാണ് എളുപ്പത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാനാവും വിധം ഓൺലൈനിൽ ലഭ്യമായിട്ടുള്ളത് . പെരിന്തൽമണ്ണ താലൂക്കിൽ 2019 - ലെ പ്രളയ ദുരിതാശ്വാസ ധനസഹായം സ്വീകരിച്ച് ആളുകളുടെ പട്ടികയാണ് ഓൺലൈനിലുള്ളത്.
ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റിൽ ഇതേ പട്ടിക പരസ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിൽ മൊബൈൽ നമ്പർ , ബാങ്ക് വിവരങ്ങൾ എന്നിവയില്ല . എന്നാൽ ബാങ്ക് വിവരങ്ങൾ ചോർന്നതോടെ ഈ രംഗത്തെ വിദഗ്ധർക്ക് വ്യക്തിവിവരങ്ങൾ അടങ്ങുന്ന ഫയൽ വേഗത്തിൽ എടുക്കാനാകും.
ബാങ്ക് അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്.സി കോഡും മൊബൈൽ നമ്പറും ഇതിൽ ഉണ്ടെന്നിരിക്കെ സാമ്പത്തിക തട്ടിപ്പുകൾക്കുൾപ്പടെ വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ജില്ലാ ഭരണകൂടങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്കായി സുരക്ഷിതമായും എളുപ്പത്തിലും വെബ്സൈറ്റുകൾ ആരംഭിക്കുന്നതിനായി ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി തുടങ്ങിയ സ്വാസ് ( Swaas ) എന്ന പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നുണ്ട്. സ്വാസ് പ്ലാറ്റ്ഫോമിൽ തന്നെയാണ് മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ വെബ്സൈറ്റ് പ്രവർത്തിക്കുന്നത്.
വ്യക്തിവിവരങ്ങൾ അടങ്ങുന്ന ഫയൽ രഹസ്യമാക്കി വെച്ചതിൽ ഉണ്ടായ എന്തെങ്കിലും പിഴവാകാം അത് പരസ്യമായിക്കിടക്കുന്നതിന് വഴിവെച്ചത് . എന്നാലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായി പിഴവാണിത്.

