ഹജ്ജ് കമ്മിറ്റി ചെയർമാനും മന്ത്രി വി അബ്ദുറഹിമാനും കൂടിക്കാഴ്ച നടത്തി


ഹജ്ജ് തീർത്ഥാടകർക്കുള്ള വാക്സിനേഷനുമായി ബന്ധപ്പെട്ട് കായിക ഹജ്ജ് - വഖഫ് മന്ത്രി വി അബ്ദുറഹിമാനും ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും ചർച്ച നടത്തി. ഹജ്ജ് തീർത്ഥാടനത്തിന് പോകാൻ അപേക്ഷിച്ചവരിൽ കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് എടുക്കാനുള്ളവർക്ക് ജൂൺ 15 ന് മുമ്പ് വാക്സിൻ നൽകാൻ സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യം ഹജ്ജ് കമ്മിറ്റി ഉന്നയിച്ചു. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തര പരിഗണന നൽകി പഹിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പഠനാവശ്യങ്ങൾക്കും തൊഴിലിനുമായി വിദേശത്തു പോകുന്നവർക്ക് നൽകിയ ഇളവുകൾ ഹജ്ജ് തീർത്ഥാടകർക്കും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിട്ടുണ്ട്.

സ്ത്രീകൾക്കായി ഹജ്ജ് ഹൗസ് നിർമ്മിക്കുന്നതിനുള്ള പ്രപ്പോസൽ ധനവകുപ്പിന് സമർപ്പിക്കാനും യോഗത്തിൽ ധാരണയായി. ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അനുവദിച്ച 8. 20 കോടി രൂപയിൽ 5.56 കോടി രൂപ ഉപയോഗിച്ചാണ് ഹജ്ജ് ഹൗസ് നിർമ്മിക്കാൻ പദ്ധതിയിടുന്നത്. അനുവദിച്ച തുകയിൽ 1.64 കോടി രൂപ ഹജ്ജ് കമ്മിറ്റിക്ക് നേരത്തെ കൈമാറിയിരുന്നു. യോഗത്തിൽ ഹജ്ജ് കമ്മിറ്റി അംഗം എം എസ് അനസ്, അഷറഫ് അരയാങ്കോട്, ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതിലാൽ തുടങ്ങിയവർ പങ്കെടുത്തു.