18നും 45നും ഇടയിലുള്ളവർക്ക് വാക്സീന് രജിസ്ട്രർ ചെയ്യാം: മുൻഗണനാക്രമം ഇങ്ങനെ
സംസ്ഥാനത്ത് 45 വയസ്സിന് താഴെയുള്ള മുന്‍ഗണനാ വിഭാഗങ്ങളുടെ വാക്സിനേഷൻ റജിസ്‌ട്രേഷന്‍ ഇന്നാരംഭിക്കും. ഗുരുതര രോഗികൾക്കാണ് ആദ്യ പരിഗണന. കുത്തിവയ്പ് തിങ്കളാഴ്ച തുടങ്ങും. കോവിഷീൽഡ് രണ്ട് ഡോസുകൾക്കിടയിലുള്ള ഇടവേള നീട്ടി.
ഗുരുതര ഹൃദ്രോഗമുള്ളവർ, ഗുരുതരാവസ്ഥയിൽ പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും ചികിൽസ തേടുന്നവർ, പക്ഷാഘാതമുണ്ടായവർ, വൃക്ക-കരൾ രോഗികൾ, അവയവ മാറ്റo നടത്തിയവർ, ഗുരുതര ശ്വാസകോശ രോഗികൾ, അർബുദ ബാധിതർ, രക്തസംബന്ധമായ ഗുരുതര രോഗങ്ങളുള്ളവർ, എച്ച്. ഐ.വി ബാധിതർ തുടങ്ങി 20 രോഗാവസ്ഥകളുള്ളവർക്കാണ് ആദ്യം കുത്തിവയ്പ് നല്കുന്നത്. ഡോക്ടറുടെ സർട്ടിഫിക്കറ്റ് റജിസ്ട്രേഷൻ നടത്തുമ്പോൾ അപ് ലോഡ് ചെയ്യണം . രോഗങ്ങളുടെ പട്ടികയും സർട്ടിഫിക്കറ്റിന്റെ മാതൃകയും ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ലഭിക്കും.
കോവിൻ പോർട്ടലിൽ റജിസ്ട്രേഷന് ശേഷം മുന്‍ഗണനക്കായി സംസ്ഥാന സര്‍ക്കാരിന്റെ covid19.kerala.gov.in/vaccine/ എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കണം. മൊബൈല്‍ നമ്പര്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അടുത്ത പേജിലെത്തി പേരും മറ്റ് വിവരങ്ങളും നൽകണം. കോവിനില്‍ റജിസ്റ്റര്‍ ചെയ്തതിന്റെ റഫറന്‍സ് ഐഡിയും നൽകണം. രേഖകള്‍ ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ കണ്ടെത്തും. ഇവരെ വാക്സീൻ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് കേന്ദ്രം, തീയതി, സമയം എന്നിവ എസ് എം എസിലൂടെ അറിയിക്കും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ് അല്ലെങ്കിൽ തിരിച്ചറിയല്‍ രേഖ, അനുബന്ധരോഗ സര്‍ട്ടിഫിക്കറ്റ് എന്നിവ കാണിക്കണം. സർക്കാർ വിലകൊടുത്തുവാങ്ങിയ വാക്സീനുപയോഗിച്ച് തിങ്കളാഴ്ചയാണ് കുത്തിവയ്പ് തുടങ്ങുക. മൂന്നര ലക്ഷം ഡോസ് കോവിഷീല്‍ഡും 1,37,580 ഡോസ് കോവാക്‌സിനും സ്‌റ്റോക്കുണ്ട്. ഇനി മുതൽ കൊവിഷീൽഡ് വാക്സീൻ ആദ്യ ഡോസ് എടുത്ത് 12 ആഴ്ച തികഞ്ഞാലേ രണ്ടാം ഡോസ് ലഭിക്കൂ. 16 ആഴ്ചയ്ക്കുള്ളിൽ രണ്ടാം ഡോസെടുക്കണം. കൊവാക്സിൻ രണ്ടാം ഡോസ് 28 ദിവസം മുതൽ 42 ദിവസത്തിനുള്ളിൽ എടുക്കണം.

