വോട്ടെണ്ണൽ കേന്ദ്രങ്ങൾ ജില്ലാ കളക്ടർ സന്ദർശിച്ചു.


തിരൂർ: തവനൂര്‍ മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ കേളപ്പജി കോളജ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിങ് ആന്‍ഡ് ടെക്‌നോളജിയിലും പൊന്നാനി മണ്ഡലം വോട്ടെണ്ണൽ കേന്ദ്രമായ  എ.വി.എച്ച്.എസ്.എസ് പൊന്നാനിയും ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ സന്ദർശിച്ചു ക്രമീകരണങ്ങൾ വിലയിരുത്തി. അസിസ്റ്റന്റ് കലക്ടർ വിഷ്ണു രാജ് ഐ.എ.എസ്,  തിരൂർ ഡി.വൈ.എസ്.പി  കെ. എ സുരേഷ് ബാബു എന്നിവരും ഒപ്പമുണ്ടായിരുന്നു.

വോട്ടെണ്ണലിന് ജില്ലയില്‍ 3716 ഉദ്യോഗസ്ഥരാണ് നിയമിതരായിട്ടുള്ളത്. 1186 മൈക്രോ ഒബ്സര്‍വര്‍മാര്‍, 1628 കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, 902 അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ എന്നിവര്‍ക്കാണ് വോട്ടെണ്ണല്‍ ചുമതല. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ കൗണ്ടിങിന് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരു ടേബിളില്‍ മൂന്ന് ഉദ്യോഗസ്ഥരാണുണ്ടാകുക. സൈനികരുടെ തപാല്‍ വോട്ടെണ്ണുന്നതിന് മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് പുറമെ രണ്ട് അസിസ്റ്റന്റ് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാരെയാണ് നിയോഗിച്ചിരിക്കുന്നത്.

Malappuram Collector, collector malappuram, Malappuram Online,

നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെണ്ണുന്നതിനൊപ്പം മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പില്‍ ഇവിഎമ്മില്‍ രേഖപ്പെടുത്തിയ വോട്ടുകളും എണ്ണും. ലോക്സഭ ഉപതെരഞ്ഞെടുപ്പിലെ തപാല്‍ വോട്ടുകള്‍ മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിങ് അസിസ്റ്റന്റുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മലപ്പുറം കലക്ടറേറ്റില്‍ എണ്ണും. തപാല്‍ വോട്ടെണ്ണുന്നതിനായി കലക്ടറേറ്റില്‍ പ്രത്യേക കേന്ദ്രം സജ്ജമായിട്ടുണ്ട്.