'കേരളത്തിൽ ത്രികോണ മത്സരം'; തുടര്‍ഭരണം ഉണ്ടാകുമോ എന്ന് പറയാനാവില്ല; വെള്ളാപ്പള്ളി


ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഊർജ്ജിതമായി തുടരുമ്പോൾ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിന് ശേഷം ആർക്ക് പിന്തുണ നൽകണമെന്ന കാര്യത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ല. തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് സാക്ഷിയാവുന്നതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

ഉച്ചയ്ക്ക് മുമ്പ് 50 ശതമാനത്തിലധികം പോളിംഗ് ഉച്ചയ്ക്ക് മുന്‍പ് തന്നെ നടന്നുകഴിഞ്ഞു. എന്നാൽപ്പോലും ജനവിധി ആർക്കൊപ്പമായിരിക്കുമെന്ന് പറയാൻ സാധിക്കില്ല. എൽഡിഎഫ് സർക്കാരിന് തുടര്‍ഭരണം ലഭിക്കുമോ ഇല്ലയോ എന്ന് പറയാന്‍ സാധിക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. വോട്ട് ചെയ്ത ശേഷമാണ് വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേ സമയം മുഖ്യമന്ത്രിയാകാന്‍ ഒരുപാട് പേര്‍ ഷര്‍ട്ടുംതയ്ച്ച് നടക്കുന്നുണ്ട്. ആരൊക്കെ ആകും ആരൊക്കെ ആകില്ല എന്നൊന്നും ഇപ്പോള്‍ പറയാൻ കഴിയില്ല. എസ്എന്‍ഡിപി യോഗം ആര്‍ക്കും ഒരു പിന്തുണയും നല്‍കിക്കൊണ്ടുള്ള തീരുമാനം എടുത്തിട്ടില്ല. ഒരു സ്ഥാനാര്‍ത്ഥിക്കും പിന്തുണ കൊടുക്കണമെന്ന തീരുമാനം ഇതുവരെയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.