മലപ്പുറത്ത് സുഹൃത്തിനെ കൊന്ന് കൊക്കയിൽ തള്ളിയ പ്രതി പിടിയിൽ
വേങ്ങര: സുഹൃത്തിനെ കൊന്ന് കൊക്കയിൽ തള്ളിയ പ്രതി പിടിയിൽ. എടരിക്കോട് പുതുപ്പറമ്പിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ആലപ്പുഴ സ്വദേശി നൗഫൽ (18) കൊല്ലപ്പെട്ട കേസിലാണ് എടരിക്കോട് ഒറ്റത്തെങ്ങ് സ്വദേശി മുഹമ്മദ് സൽമാൻ (22) വേങ്ങര പൊലീസ് പിടിയിലായത്. ഏപ്രിൽ നാലിനാണ് നൗഫലിനെ ഊരകം മലയിലെ കൊക്കയിൽ വീണ് മരിച്ച നിലയിൽ കെണ്ടത്തിയത്. ഏപ്രിൽ മൂന്നിന് വൈകീട്ട് അഞ്ചരയോടെ മുഹമ്മദ് സൽമാൻ, നൗഫലിനെ ക്വാർട്ടേഴ്സിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് ബൈക്കിൽ ഊരകം മലയിലെ എരുമപ്പാറയിലെത്തിയ ഇരുവരും കഞ്ചാവ് വലിച്ചു. തുടർന്നുണ്ടായ തർക്കത്തെ തുടർന്ന് മുഹമ്മദ് സൽമാൻ, നൗഫലിനെ അടിച്ചുവീഴ്ത്തി. തല പാറയിലിടിച്ച് രക്തം വാർന്ന് നൗഫൽ മരിച്ചതോടെ സൽമാൻ മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു. തുടർന്ന് വീട്ടിലെത്തിയ ഇയാൾ ഉമ്മയെയും കൂട്ടി പിതാവിൻറ നാടായ മൈസൂരിലേക്ക് പോയി.
നൗഫൽ വീട്ടിലെത്താത്തതിനാൽ വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങിയെങ്കിലും കണ്ടെത്താനായില്ല. നൗഫലിെൻറ ഫോൺ ഊരകം മലയിൽനിന്ന് നാട്ടുകാരിലൊരാൾക്ക് ലഭിച്ചതിനെ തുടർന്നാണ് എരുമപ്പാറയിൽ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി.

