ഇന്ത്യയിൽ വീണ്ടും രണ്ടര ലക്ഷം കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍
രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ചൊവ്വാഴ്ച രാവിലെയവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 2,59,170 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കേസുകളിൽ നേരിയ കുറവ് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 2,73,810 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
തുടർച്ചയായി ആറാം ദിവസമാണ് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 1761 പേർക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,80,530 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,54,761 പേർ കോവിഡ് മുക്തരായി. ഇതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 1,31,08,582 ആയി. 20,31,977 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1,53,21,089 ആണ്. ഇതുവരെ രാജ്യത്ത് 12,71,29,113 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു.
അതിനിടെ കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഡൽഹി ഒരാഴ്ചത്തേക്ക് ലോക്ഡൗൺ പ്രഖ്യാപിച്ചതിനു പിന്നാലെ ഉത്തർപ്രദേശിലെ ലഖ്നൗ അടക്കമുള്ള നഗരങ്ങളിലും ലോക്ഡൗൺ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കാൻ സാധ്യത. ഏപ്രിൽ 14 മുതൽ 15 ദിവസത്തേക്ക് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. അഞ്ചുദിവസം പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല.
തമിഴ്നാട്ടിലും കേരളത്തിലും പ്രഖ്യാപിച്ച രാത്രി കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ ഇന്ന് ചൊവ്വാഴ്ച നിലവിൽവരും. തമിഴ്നാട്ടിൽ വിനോദസഞ്ചാര മേഖലകളിലും കടൽക്കരകളിലും പാർക്കുകളിലും സന്ദർശകർക്ക് വിലക്കും ഏർപ്പെടുത്തി. ഞായറാഴ്ചകളിൽ സമ്പൂർണ ലോക്ഡൗണും പ്രഖ്യാപിച്ചു.
കോവിഡ് ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രികളിൽ നീക്കിവെച്ച കിടക്കകളിൽ 80 ശതമാനത്തിലും രോഗികളെ പ്രവേശിപ്പിച്ചു കഴിഞ്ഞതായി സർക്കാർ വ്യക്തമാക്കി. പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 12,000 കടക്കുമ്പോഴാണ് ഈ സ്ഥിതി. കോവിഡ് ചികിത്സയ്ക്കായി 270 കോച്ചുകൾ സജ്ജീകരിക്കാമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. 4300 രോഗികളെ കിടത്താൻ ആവശ്യമായ സൗകര്യം ഈ കോച്ചുകളിൽ ഒരുക്കാൻ കഴിയും.

