അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പുതിയ മാർഗനിര്‍ദേശങ്ങൾ


പാലക്കാട്: വാളയാര്‍ അതിര്‍ത്തിയില്‍ കര്‍ശന നിയന്ത്രണം. അന്തര്‍ സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ആരോഗ്യ വകുപ്പിന്റെതാണ് നിര്‍ദേശം. പരിശോധനാ ഫലം അപ്‌ലോഡ് ചെയ്യാത്ത പക്ഷം പ്രവേശനം അനുവദിക്കില്ലെന്ന് പാലക്കാട് കളക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് വ്യക്തമാക്കി.

അതേസമയം സംസ്ഥാനത്ത് രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ രാത്രി കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നു. പൊതുഗതാഗതത്തിനും ചരക്കു നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. കൂട്ട പരിശോധനയില്‍ ശേഖരിച്ച ശേഷിക്കുന്ന സാമ്പിളുകളുടെ ഫലം ഇന്ന് പുറത്ത് വരും. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായി തുടരുന്നു.

രാത്രി ഒന്‍പത് മണി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാതെ പൊതുജനങ്ങള്‍ പുറത്തിറങ്ങരുത്.അനാവശ്യ യാത്രകളുംരാത്രി കാലത്തെ കൂട്ടംചേരലുകളും അനുവദിക്കില്ല.പൊലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ , മാധ്യമ പ്രവര്‍ത്തകര്‍, പാല്‍- പത്ര വിതരണം, രാത്രി ഷിഫ്റ്റില്‍ ജോലി നോക്കുന്നവര്‍,മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രി, പെട്രോള്‍ പമ്പുകള്‍, എന്നീ വിഭാഗങ്ങള്‍ക്ക് ഇളവ് ഉണ്ടാകും. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ കേസ് ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ നേരിടേണ്ടി വരും.