കൂടുതൽ ബസുകളിറക്കാൻ കെ.എസ്.ആർ.ടി.സി.


തൃശ്ശൂർ: കോവിഡ് പ്രോട്ടോകോൾ കൂടുതൽ കർശനമാക്കിയ സാഹചര്യത്തിൽ തിരക്കുള്ള റൂട്ടുകളിൽ കൂടുതൽ സർവീസ് നടത്താൻ നടപടിയുമായി കെ.എസ്.ആർ.ടി.സി. ബസിൽ നിന്നുള്ള യാത്രയ്ക്ക് നിയന്ത്രണം വന്നതോടെയാണ് തിരക്കൊഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ ഡിപ്പോകളുടെ ചുമതലയുള്ള ഓഫീസർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. വെള്ളിയാഴ്‌ച മുതൽ അധികസർവീസുകൾ ആരംഭിച്ചിട്ടുണ്ട്.

എന്നാൽ, കോവിഡ് വ്യാപനത്തെത്തുടർന്നുള്ള ആശങ്കയിൽ വ്യാഴാഴ്ച മുതൽ വരുമാനം കുറഞ്ഞതായി വിവിധ ഡിപ്പോ അധികൃതർ പറയുന്നു. മലബാർ മേഖലയിലാണ് യാത്രക്കാർ ഏറ്റവും കുറവ്. കോഴിക്കോട്, തൃശ്ശൂർ തുടങ്ങിയ ഡിപ്പോകളുടെ വരുമാനം വിഷുവിനുശേഷം 25 ശതമാനത്തോളം കുറഞ്ഞു. ദീർഘദൂര സർവീസുകൾ കൂടുതൽ നടത്തേണ്ട സാഹചര്യമില്ലെന്നാണ് മിക്ക ഡിപ്പോ മേധാവികളും പറയുന്നത്. ഹ്രസ്വ, മധ്യദൂര റൂട്ടുകളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകളാണ് ആരംഭിച്ചിട്ടുള്ളത്.