ഉപഭോക്താവിനെ കബളിപ്പിക്കുംവിധം പരസ്യം നൽകിയ പെരിന്തൽമണ്ണയിലെ കടയുടമയ്ക്ക് പിഴ


പെരിന്തൽമണ്ണ: വസ്ത്രങ്ങൾ പകുതിവിലയിൽ വിറ്റ് കട കാലിയാക്കുന്നൂവെന്ന് പരസ്യം നൽകിയ ശേഷം വ്യവസ്ഥ പാലിക്കാതെ വില ഈടാക്കിയ പെരിന്തൽമണ്ണയിലെ കടയുടമ നഷ്ടപരിഹാരവും കോടതിച്ചെലവുമായി 10,000 രൂപ പരാതിക്കാരന് നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു.


ആകർഷകമായ പരസ്യം നൽകുകയും ഉപഭോക്താവിന് പ്രത്യക്ഷത്തിൽ കാണാനാവാത്ത വിധം ‘വ്യവസ്ഥകൾ ബാധകം’ എന്ന് രേഖപ്പെടുത്തുകയും ചെയ്യുന്നത് അവകാശ ലംഘനമാണെന്ന് കോടതി വിലയിരുത്തി. വാഗ്ദാനങ്ങൾ പരസ്യപ്പെടുത്തുന്ന തുല്യ പ്രാധാന്യത്തിൽ വ്യവസ്ഥകൾ ബാധകമെങ്കിൽ അതും പ്രസിദ്ധപ്പെടുത്തണം.


അധികമായി ഈടാക്കിയ തുക ഹരജിക്കാരന് നൽകണമെന്നും അഡ്വ. പ്രീതി ശിവരാമൻ, അഡ്വ. കെ. മോഹൻദാസ് എന്നിവരടങ്ങിയ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചു.


 ‘ഒന്നു വാങ്ങിയാൽ ഒന്ന്‌ സൗജന്യം’ എന്ന പരസ്യവാചകത്തിൽ ആകൃഷ്ടനായാണ് പരാതിക്കാരൻ കടയിൽച്ചെന്നത്. പകുതി വിലയിൽ കൂടുതൽ ഈടാക്കിയ കടയുടമയോട് തർക്കിച്ചെങ്കിലും വ്യവസ്ഥകൾ ബാധകമാണെന്ന് നോട്ടീസിൽ പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. തുടർന്നാണ് തർക്കപരിഹാര കമ്മിഷനെ സമീപിച്ചത്.


ഒരു മാസത്തിനകം പിഴയൊടുക്കിയില്ലെങ്കിൽ ഹരജി നൽകിയ തീയതി മുതൽ 12 ശതമാനം പലിശ നൽകണമെന്നും വിധിയിൽ പറയുന്നു.