കേരളത്തിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ മലപ്പുറം ജില്ലയില്‍
ഫെബ്രുവരി 19, 2021
മലപ്പുറം: സംസ്ഥാനത്ത് കൂടുതൽ അപകട മരണങ്ങൾ നടക്കുന്നത് ജില്ലയിലാണെന്ന് മോട്ടർ വാഹന വകുപ്പ്. ജില്ലയിൽ 100 അപകടങ്ങൾ നടക്കുന്നതിൽ 14 മരണങ്ങൾ സംഭവിക്കുന്നു. 10.6 ശതമാനമാണ് സംസ്ഥാന ശരാശരി. ജില്ലയിൽ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് 4,000 കേസുകൾ മാസം തോറും റജിസ്റ്റർ ചെയ്യുന്നുണ്ട്. ഹെൽമറ്റില്ലാതെ വാഹനമോടിച്ചതിന്റെ പേരിൽ മാത്രം 1,500 കേസുകളുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാതെയും ലൈസൻസില്ലാതെയുമുള്ള ഡ്രൈവിങ്, പ്രായ പൂർത്തിയാകാത്തവരുടെ വാഹനമോടിക്കൽ, മൊബൈൽ ഫോൺ ഉപയോഗിച്ചു കൊണ്ടുള്ള ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങൾക്കെല്ലാം പിഴ ഈടാക്കുന്നുണ്ട്.
മാസം തോറും 30 ലക്ഷം രൂപ പിഴയിനത്തിൽ ജില്ലയിൽ നിന്നു ലഭിക്കുന്നുണ്ട്. സംസ്ഥാനത്ത് കൂടുതൽ തുക പിഴയായി ഈടാക്കുന്നതും ഇവിടെയാണ്. നിയമ ലംഘനം നടത്തുന്നവരുടെ പ്രായം, അവരുടെ സ്വഭാവം, കുറ്റം ചെയ്യുന്ന സമയം, സ്ഥലം തുടങ്ങിയ കാര്യങ്ങൾ വിശദമായി പഠിച്ച ശേഷമാണ് പരിശോധന നടത്തുന്നതെന്ന് ജില്ലാ എൻഫോഴ്സ്മെന്റ് ആർടിഒ ടി.ജി.ഗോകുൽ പറഞ്ഞു.

