മമ്പാട് മർദനമേറ്റ് പട്ടിണി കിടന്ന കുട്ടികളെ ജില്ലാ കളക്ടർ സന്ദർശിച്ചു; കുട്ടികളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും.

നിലമ്പൂർ: മമ്പാട് മർദനമേറ്റ് പട്ടിണി കിടന്ന 2 കുട്ടികളെ ഇന്നലെ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് ആ കുട്ടികളെ നേരിൽ സന്ദർശിച്ച് അവരുടെ ആരോഗ്യസ്ഥിതി ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ വിലയിരുത്തി.
കുട്ടികളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട് എന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.

സന്ദർശനത്തിൽ നിന്നും കുട്ടികളോട് സംസാരിച്ചതിൽ നിന്നും  അവർക്ക് മർദ്ദനമേറ്റിട്ടുള്ളതായും ഭക്ഷണം ലഭിക്കാതിരുന്നതായും വ്യക്തമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഈ വിഷയത്തിൽ ജില്ലാ വനിതാ ശിശു ശിശു ക്ഷേമ ഓഫീസറിൽ നിന്നും ജില്ലാ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറിൽനിന്നും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുള്ളതും പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നതും രക്ഷിതാക്കളെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്.

സമയബന്ധിതമായി നടപടി സ്വീകരിക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും , വനിതാ ശിശു ക്ഷേമ ഓഫീസർക്കും പൊലീസിനും കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.കുട്ടികളുടെ തുടർചികിത്സ സംബന്ധിച്ച് മെഡിക്കൽ ഓഫീസറുമായി കൂടിയാലോചിച്ചു. കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള ആന്തരിക ക്ഷതങ്ങളോ മറ്റ് പരിക്കുകളോ ഉണ്ടോയെന്ന് പരിശോധിക്കാനും കുട്ടികളുടെ ആരോഗ്യനില ഉറപ്പുവരുത്താനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കുട്ടികളെ CT സ്കാൻ ഉൾപ്പെടെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കും. ചികിത്സക്കുശേഷം  ശിശുഭവനിലേക്ക് മാറ്റും.
കുട്ടികൾക്ക് ഭക്ഷണവും വിദഗ്ദ്ധ ചികിത്സയും ഉറപ്പുവരുത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.