മങ്കടയിലെ വാഹനാപകടം; ബസ് ഡ്രൈവറുടെ പേരിൽ കേസ്
ഫെബ്രുവരി 11, 2021
മങ്കട: കടന്നമണ്ണ വേരുംപുലാക്കലിൽ സ്വകാര്യ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ച സംഭവത്തിൽ ബസ് ഡ്രെവർക്കെതിരേ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് മൂന്നു മണിക്കുണ്ടായ അപകടത്തിൽ മുക്കം അഗസ്ത്യമൂഴി സ്വദേശികളായ മൂന്നു പേർ തത്ക്ഷണം മരിച്ചിരുന്നു.
വാഹന വകുപ്പും പോലീസും അപകട സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മരച്ചില്ലകൾ കാഴ്ച മറയ്ക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അപകടമുണ്ടായ സ്ഥലത്ത് ചെറിയ വളവുണ്ട്. ഇവിടെ നിന്ന് മങ്കട ഭാഗത്തേക്കും മഞ്ചേരി ഭാഗത്തേക്കും 100 മീറ്ററിലധികം നിരപ്പായ സ്ഥലമാണ്. വേഗതയിൽ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ മാത്രമാണ് കാണുന്നത്. റോഡിന്റെ അശാസ്ത്രീയത അപകടത്തിന് കാരണമാണ്. രണ്ട് വശത്തും വേഗ നിയന്ത്രണ സംവിധാനം ഏർപ്പെടുത്തുകയും വളവ് നിവർത്താൻ സംവിധാനം ഒരുക്കുകയും ചെയ്താൽ അപകടം ഒഴിവാക്കാമെന്ന് മങ്കട പോലീസ് ഇൻസ്പെക്ടർ എൻ. പ്രജിത്ത് പറഞ്ഞു.
അപകടമുണ്ടായ സ്ഥലത്തെ കാഴ്ച മറയ്ക്കുന്ന മരച്ചില്ലകൾ മങ്കട പോലീസും വാഹന വകുപ്പും ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റും ചേർന്ന് വെട്ടിമാറ്റി. എം.വി.ഐ. ബിനോയ് വർഗീസ്, ഇൻസ്പെക്ടർ എൻ. പ്രജിത്ത്, ശരത്, സമദ് പറച്ചികോട്ടിൽ, ആരിഫ്, നസീം, സുനീർ, റിയാസ്, അബീദലി, വിശ്വൻ, ഷാക്കത്ത് എന്നിവർ നേതൃത്വം നൽകി.
