സംതൃപ്തമായ നവകേരള സൃഷ്ടിയില്‍ സര്‍ക്കാറിന് കൈമുതലായത് ജനകീയത: മന്ത്രി എ.കെ. ശശീന്ദ്രന്‍

 മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളിലേക്കിറങ്ങിച്ചെന്ന് നിലമ്പൂരില്‍ സാന്ത്വന സ്പര്‍ശം അദാലത്ത്


നിലമ്പൂർ: പൊതുജന പരാതികള്‍ അതിവേഗം തീര്‍പ്പാക്കി നിലമ്പൂരില്‍ നടന്ന അദാലത്ത് അക്ഷരാര്‍ഥത്തില്‍ സാന്ത്വന സ്പര്‍ശമായി. നിലമ്പൂര്‍, പെരിന്തല്‍മണ്ണ താലൂക്കുകളിലുള്ളവര്‍ക്കായി ഒ.സി.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഗതാഗത    വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ആധുനികത പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുള്ള നവകേരള സൃഷ്ടിയില്‍ സര്‍ക്കാറിന് കരുത്തേകിയത് ജനപിന്തുണയാണെന്ന് മന്ത്രി പറഞ്ഞു. സര്‍വ മേഖലകളിലുമുള്ള വികസനത്തിനൊപ്പം ക്ഷേമ- സാന്ത്വന പ്രവര്‍ത്തനങ്ങളിലൂന്നിയുള്ള  പ്രവര്‍ത്തനങ്ങളിലൂടെ സംതൃപ്തമായ      നവകേരള സൃഷ്ടിക്കാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്.

ഇതിന് മികച്ച പിന്തുണയാണ് പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കുന്നത്. എല്ലാ വിഭാഗമാളുകള്‍ക്കും ആശ്വാസവും സന്തോഷവും സുരക്ഷയും ഉറപ്പു വരുത്തുന്ന വിധത്തിലേക്ക് സര്‍ക്കാര്‍ സംവിധാനങ്ങളെയാകെ  മാറ്റിയെടുക്കാന്‍ സാധിച്ചത് പ്രധാന നേട്ടമാണ്. പലകാരണങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് സാധ്യമായ സഹായങ്ങളെത്തിക്കാന്‍ സാന്ത്വന സ്പര്‍ശം അദാലത്തിലൂടെ സാധിച്ചുവെന്നും  മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.