മില്‍മ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ശിലാസ്ഥാപനവും മലപ്പുറം ഡയറി നിര്‍മാണം ഒന്നാംഘട്ട സമര്‍പ്പണവും മന്ത്രി നിര്‍വഹിച്ചു.
ഫെബ്രുവരി 10, 2021
മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ ക്ഷീരോല്‍പ്പാദന സഹകരണ യൂനിറ്റായ മില്‍മയുടെ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി ശിലാസ്ഥാപനവും ക്ഷീര സുകന്യ പദ്ധതിയുടെ പ്രഖ്യാപനവും ക്ഷീരവികസന വകുപ്പുമന്ത്രി അഡ്വ. കെ. രാജു ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. മലപ്പുറം ഡയറി നിര്‍മാണത്തിന്റെ ഒന്നാംഘട്ട സമര്‍പ്പണവും ക്ഷീര സദനം രണ്ടാം ഘട്ടത്തിന്റെ പ്രഖ്യാപനവും ഉന്നത വിദ്യഭ്യാസ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ മൂര്‍ക്കനാട് നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അധ്യക്ഷനായി.
മൂര്‍ക്കനാട് 12.4 ഏക്കറില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന മില്‍മ ഡയറി പ്ലാന്റിനോടു ചേര്‍ന്ന് 53.93 കോടി രൂപ ചെലവിലാണ് നൂതന രീതിയിലുള്ള പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിയുടെ നിര്‍മാണം. സംസ്ഥാന ക്ഷീര വികസന വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് 15.50 കോടി രൂപയും നബാര്‍ഡിന്റെ അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ നിന്നും സര്‍ക്കാര്‍ ധനസഹായമായി 32.72 കോടി രൂപയും മലബാര്‍ മില്‍മയുടെ വിഹിതമായ 5.71 കോടി രൂപയുമാണ് പാല്‍പ്പൊടി നിര്‍മാണ ഫാക്ടറിക്കായി വകയിരുത്തിയിട്ടുള്ളത്. മലബാര്‍ മേഖലാ യൂനിയന്റെ കീഴില്‍ പുതിയ പാല്‍പ്പൊടി നിര്‍മാണ ഫാക്ടറി നിലവില്‍ വരുന്നതോടെ മിച്ചം വരുന്ന പാല്‍ പൊടിയാക്കുന്നതിനായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ല.
