കാപ്പൻ പാർട്ടിയെ ഒറ്റുകൊടുത്തു; മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണം: എൻസിപി മലപ്പുറം ജില്ലാ കമ്മറ്റി


മലപ്പുറം: മാണി സി കാപ്പൻ എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് എൻസിപി മലപ്പുറം ജില്ലാ കമ്മറ്റി. കാപ്പൻ പാർട്ടിയെ ഒറ്റു കൊടുത്തുവെന്നും ജില്ലാ കമ്മറ്റി പ്രമേയത്തിൽ ആരോപിച്ചു.

മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായാണ മാണി സി കപ്പന്് പാലാ സീറ്റിൽ വിജയിക്കാനായത്. തോൽപ്പിക്കാൻ ശ്രമിച്ചവരുടെ കൂടെ ചേരുന്നതിലെ യുക്തി കാപ്പൻ വ്യക്തമാക്കണമെന്നും എൻസിപി ജില്ലാ കമ്മറ്റി പറഞ്ഞു.
ഇന്ന് രാവിലെയാണ് എൽഡിഎഫ് വിട്ട് യുഡിഎഫിനൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് മാണി സി കാപ്പൻ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്.

മുൻപും ഈ തീരുമാനം അറിയിച്ചിരുന്നുവെങ്കിലും പാലാ സീറ്റുമായി ബന്ധപ്പെട്ട് എൽഡിഎഫ് മുന്നണിയുടെ തീരുമാനത്തിന് കാത്ത് നിൽക്കുകയായിരുന്നു മാണി സി കാപ്പൻ. എന്നാൽ ശരദ് പവാറും പ്രഫുൽ പട്ടേലും ചർച്ച നടത്തിയിട്ടില്ല. ചർച്ച നടത്തിയ ശേഷം ഇന്ന് വൈകിട്ടോടെ തീരുമാനം ഉണ്ടാകും.

എൻസിപി കേന്ദ്ര നേതൃത്വം കൈവിടില്ലെന്നാണ് പ്രതീക്ഷയെന്നും മാണി. സി. കാപ്പൻ കൂട്ടിച്ചേർത്തു.തന്നോടൊപ്പമുള്ള എൻസിപി നേതാക്കളും യുഡിഎഫിൽ ചേരും. ഒൻപത് സംസ്ഥാന ഭാരവാഹികൾ, അഖിലേന്ത്യാ സെക്രട്ടറി, ഏഴ് ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ തന്റെ കൂടെ ഉണ്ടാകുമെന്നും മാണി സി കാപ്പൻ പറഞ്ഞിരുന്നു.