അങ്ങാടിപ്പുറത്തെ നിർദിഷ്ട ബൈപാസുകൾ ചർച്ചയാവുന്നത് അപകടമുണ്ടാവുമ്പോൾ മാത്രം


പെരിന്തൽമണ്ണ: ദേശീയ പാതയിൽ പെരിന്തൽമണ്ണ -മലപ്പുറം റൂട്ടിലും പെരിന്തൽമണ്ണ - മഞ്ചേരി റൂട്ടിലും സർവിസ് നടത്തുന്ന ബസുകൾക്കും അടിയന്തര സർവിസ് നടത്തുന്ന ആംബുലൻസ് അടക്കമുള്ള വാഹനങ്ങൾക്കും അങ്ങാടിപ്പുറത്തെ കുരുക്ക് വലിയ പ്രതിസന്ധി. മിനിറ്റുകൾ ഇടവിട്ടുള്ള ബസ് സർവിസിനാണ് ഇത് വിലങ്ങുതടി. മഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണയിലേക്കും തിരിച്ചും സർവിസ് നടത്തുകയും യാത്രക്കാരെ ഇറക്കി തുടർ സർവിസ് നടത്തുകയും ചെയ്യുന്ന ബസുകൾ അങ്ങാടിപ്പുറത്ത് കുടുങ്ങിയാൽ സർവിസ് നഷ്ടപ്പെടുകയാണ്.

റെയിൽവേ ഗേറ്റിനു മുകളിൽ മേൽപാലം നിർമിച്ചെങ്കിലും കുരുക്കിന് കുറവില്ല. അതേ സമയം, തിങ്കളാഴ്ച മങ്കടയിൽ അപകടം അമിത വേഗത കാരണമല്ലെന്ന് ബസ് യാത്രക്കാർ പറഞ്ഞു. മിക്കപ്പോഴും രണ്ടു പാതയിലും ചെറുതും വലുതുമായി നടക്കുന്ന അപകടങ്ങൾക്ക് അങ്ങാടിപ്പുറം കുരുക്കാണ് കാരണം. 

വളാഞ്ചേരിയിൽ നിന്ന് അങ്ങാടിപ്പുറത്തെത്തി മലപ്പുറം, മഞ്ചേരി ഭാഗങ്ങളിലേക്ക് പോവുന്ന വാഹനങ്ങൾ ഏറെ ശ്രമപ്പെട്ടാണ് ദേശീയ പാതയിൽ പ്രവേശിക്കുന്നത്. തിരികെ വളാഞ്ചേരി റോഡിൽ പ്രവേശിക്കേണ്ട വാഹനങ്ങളും തിരക്കിൽ പെട്ട് ബുദ്ധിമുട്ടുന്നു. രണ്ടു റോഡുകളെയും അങ്ങാടിപ്പുറം ടൗണിന് മുമ്പ് ബന്ധിപ്പിച്ചുള്ള വൈലോങ്ങര -ഓരാടംപാലം ബൈപാസ് നിർദേശം ജനപ്രതിനിധി കളുടെ പിടിപ്പുകേട് കാരണം കടലാസിൽ തന്നെയാണ്. സർക്കാർ അനുമതിയായ ഓരാടംപാലം -  മാനത്തുമംഗലം ബൈപാസ് 10 വർഷത്തോളമായി രൂപ രേഖയായി തുടരുന്നു.

റോഡിൽ ജീവൻ പൊലിയുമ്പോൾ മാത്രമാണ് ഗതാഗത കുരുക്കും ബൈപാസും ചർച്ചയാവുന്നത്. ഇടക്കാലത്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഇടപെട്ട് ഓരാടംപാലം -മാനത്തുമംഗലം ബൈപാസ് നടപടികൾ ഊർജിതമാക്കിയിരുന്നെങ്കിലും ആ ശ്രമവും നിലച്ച മട്ടാണ്. അതേ സമയം, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ കുരുക്കഴിക്കാൻ ഇവ അനിവാര്യവുമാണ്.